മഞ്ച ബോയ്സ് സ്കൂളിൽ നവോത്ഥാന മാസാചരണം സമാപിച്ചു
നെടുമങ്ങാട് മഞ്ച ബോയ്സ് വി.എച്ച്.എസ്.എസിൽ നവോത്ഥാന മാസാചരണത്തിനു സമാപനമായി. ചിങ്ങം 31ന് മുൻ ഡി.ഇ.ഒ, ടി.വസന്തകുമാരി കാട്ടുവൃക്ഷമായ മൂട്ടിമരത്തൈ സ്കൂൾ അങ്കണത്തിൽ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഒരു മാസം നീണ്ടുനിന്ന നവോത്ഥാന മാസാചരണം പ്രശസ്ത ബാവുൽ കലാകാരി പാർവതി ബാവുലും പാവക്കഥകളി കലാകാരൻ രവിയും ചേർന്ന് ചിങ്ങം ഒന്നിന് സ്കൂൾ മുറ്റത്ത് ഇലഞ്ഞി മരത്തൈ നട്ടുകൊണ്ടാണ് തുടക്കമിട്ടത്.
കേരളീയ നവോത്ഥാന ശില്പികളായ സഹോദരൻ അയ്യപ്പൻ, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, ശ്രീനാരായണ ഗുരു, ടി.കെ.മാധവൻ, ബ്രഹ്മാനന്ദ ശിവയോഗി, കെ.കേളപ്പൻ, കെ.പി.കേശവമേനോൻ എന്നിവർ ജനിച്ചത് ചിങ്ങമാസത്തിലായതിനാലാണ് ഈ മാസം നവോത്ഥാന മാസമായി സ്കൂളിൽ ആചരിച്ചത്. ചിങ്ങം ഒന്നിന് സ്കൂൾ റേഡിയോയിലൂടെ
മാസാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എം.എൻ.കാരശ്ശേരിയുടെ പ്രഭാഷണം കേൾപ്പിച്ചു. തുടർന്ന് ഓരോ ജയന്തി ദിനത്തിലും സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ട് ഓർമ പുതുക്കി. സഹോദരൻ അയ്യപ്പന്റെ ജന്മദിനത്തിൽ ഗ്രാന്റ് പേരന്റ് സ്വതന്ത്രൻ കിളിമരത്തൈ നട്ടുകൊണ്ടാണ് ജയന്തി ആചരണങ്ങൾക്ക് തുടക്കം കുറിച്ചത്.
മാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ ഭരണാധികാരികൾക്ക് കത്തെഴുതി. ചിങ്ങമാസം നവോത്ഥാന മാസമായി മറ്റു സ്കൂളുകളിലും ആചരിക്കണമെന്ന ആശയം പങ്കിട്ടുകൊണ്ടാണ് കത്തെഴുതിയത്. നെടുമങ്ങാട് നഗരസഭയിലെ എല്ലാ സ്കൂളുകളിലും മാസാചരണം സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ ചെയർപേഴ്സൺ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എന്നിവർക്ക് കത്തെഴുതി. കേരളത്തിലെ എല്ലാ സ്കൂളുകളിലും മാസാചരണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും നെടുമങ്ങാട് എം.എൽ.എയ്ക്കും കത്തെഴുതി.
സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർത്ഥിക്ക് സമ്മാനം നൽകുമെന്ന് സ്കൂളിലെ മുൻ അധ്യാപിക കൂടിയായ ടി.വസന്തകുമാരി സമാപന യോഗത്തിൽ പ്രഖ്യാപിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എസ്.ഉദയകുമാർ അധ്യക്ഷനായ യോഗത്തിൽ പ്രിൻസിപ്പാൾ എസ്.ജിഷ സ്വാഗതവും ഹെഡ്മിസ്ട്രസ് എ.പ്രേമജ നന്ദിയും പറഞ്ഞു.