മാറുന്ന ശീലങ്ങൾ


മാറുന്ന ശീലങ്ങൾ

മഹിത് പി.എസ്. 

 

കൊറോണക്കാലവും വിദ്യാർത്ഥികളും എന്ന ചർച്ചാ പരമ്പരയുടെ ഭാഗമായി 2022 ഒക്ടോബർ 21 ന് ഫ്രൈജി ചർച്ചയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മഹിത് പി.എസ്. അവതരിപ്പിച്ചത്.


എന്താണ് ശീലം


ഒരിക്കൽ തുടങ്ങിയതും ഇപ്പോഴും തുടരുന്നതും നാം അറിയാതെ ചെയ്യുന്നതും ജീവിതശൈലിയുടെ ഭാഗവുമായി മാറിയ പ്രവർത്തിയെയാണ് ശീലം എന്നു പൊതുവിൽ പറയുന്നത്.


ഉദാഹരണമായി, കുട്ടികളായ നമ്മൾ കുട്ടിക്കാലത്തു തന്നെ ശീലിച്ചു വന്ന ഒരു ശീലമാണ് പല്ലു തേയ്ക്കുക എന്നത്. രാവിലെ എഴുന്നേറ്റ് ആരും പറയാതെ പോയി പല്ലു തേയ്ക്കുന്നവരാണ് നമ്മൾ. കാരണം അത് നമ്മുടെ ജീവിതചര്യയുടെ ഭാഗമായി മാറി എന്നതാണ്. ചൊട്ടയിലേ ശീലം ചുടല വരെ എന്ന് പഴമക്കാർ പറയാറില്ലേ? ഈ ചൊല്ലുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാമല്ലോ.


എന്നാൽ ചില ദുശ്ശീലങ്ങളും നമ്മുടെ ശീലങ്ങളിൽ കടന്നുകയറിയെന്നു വരാം. അവയെ മാറ്റുക എന്നത് പലർക്കും കഠിനമായിരിക്കും.


നാം നമുക്കിഷ്ടമുള്ള സിനിമയോ മ്യൂസിക്കോ കേൾക്കുമ്പോൾ നമ്മുടെ ബ്രെയിൻ 0.25% ഡോപ്പമിൻ എന്ന ഹോർമോൺ പുറന്തള്ളുന്നു. ആ കാരണത്താലാണ് നമുക്ക് അവയോട് കൂടുതൽ ഇഷ്ടം തോന്നുന്നത്.


പലരും ദുശ്ശീലങ്ങളിൽ ചെന്നുപെടുന്നത് എങ്ങനെയെന്നു നോക്കാം. പുകവലി, മദ്യപാനം, ഗെയിം, മയക്കുമരുന്നുകൾ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ നമ്മുടെ ബ്രെയിൻ 100 മടങ്ങ് ഡോപ്പമിൻ എന്ന ഹോർമോൺ പുറന്തള്ളുന്നു. ഇത് നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കും. ചില സമയങ്ങളിൽ ചില ശീലങ്ങൾ പിന്നെയും പിന്നെയും ആവർത്തിക്കാനുള്ള പ്രേരണ നമ്മളിൽ ഉണ്ടാകും. അതിനു കാരണം നമ്മുടെ മനസ്സ് ധാരാളം ഡോപ്പമിൻ ലഭിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്. ഇതു കാരണം ആ ശീലങ്ങൾ ദുശ്ശീലമായി നമ്മളിൽ വന്നുചേരുന്നു. നാം പല ദുശ്ശീലങ്ങളും അതിവേഗം നിർത്താൻ ശ്രമിക്കുമ്പോൾ അതിനു കഴിയാത്ത അവസ്ഥ വരുന്നതും ഈ കാരണങ്ങൾ കൊണ്ടാണ്.


കോവിഡ് കാലവും ശീലങ്ങളും

കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെയും മാനസികാരോഗ്യത്തെയും ശാരീരികാരോഗത്തെയും ഒരുപോലെ ബാധിച്ച ഒരു കാലഘട്ടമാണ് കോവിഡ് കാലം. ഈ കാലം ഏറെക്കുറേ കുട്ടികളുടെ മാനസിക ആരോഗ്യത്തെയാണ് കൂടുതലായി ബാധിച്ചത്.നമ്മൾ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത പല കാര്യങ്ങളും ഈ കോവിഡ്കാലത്ത് ഉപയോഗിക്കാൻ തുടങ്ങി.


ഓൺലൈൻ പഠനസൗകര്യത്തിലൂടെ നല്ല രീതിയിൽ പഠനനേട്ടം കൈവരിച്ച കുട്ടികളും അതിനെ ദുരുപയോഗം ചെയ്തവരും ഉണ്ട്. കോവിഡ്കാലത്ത് കുട്ടികൾക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗം വ്യാപകമായി. പലരും ഇന്റർനെറ്റ് ദുരുപയോഗം ചെയ്യാൻ തുടങ്ങി. ഇതു കാരണം പല സംഭവങ്ങളും സമൂഹത്തിൽ നടന്നതായി നമ്മൾ വാർത്തകളിൽ കേട്ടു. മാതാപിതാക്കൾക്ക് മക്കളെയും സുഹൃത്തുക്കൾക്ക് അവരുടെ കൂട്ടുകാരെയും അധ്യാപകർക്ക് കുട്ടികളെയും നഷ്ടപ്പെട്ടു. ഇതിനെല്ലാം കാരണം മൊബൈൽ ഫോണിന്റെ ദുരുപയോഗമായിരുന്നു. മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം കുട്ടികളിൽ ശീലമായി വളർന്നു വന്നു. ധാരാളം ദുശ്ശീലങ്ങൾ ഉടലെടുത്തത് കോവിഡ് കാലത്തായിരുന്നു.


മാറുന്ന ശീലങ്ങളിൽ എടുത്തു പറയേണ്ട ഒരു കാര്യം മുമ്പ് സ്കൂളുകളിൽ പോകുമ്പോൾ പുസ്തകം, പേന, പെൻസിൽ തുടങ്ങിയവ കൊണ്ടുപോയിരുന്നെങ്കിൽ ഇന്ന് ഇവയോടൊപ്പം ബാഗിനുള്ളിൽ ഫോണും കാണാൻ കഴിയും. ഈ ഒരു ശീലം കുട്ടികളിൽ വളർന്നുവന്നത് ഓൺലൈൻപഠനത്തിലൂടെയാണ്. അതുപോലെ തന്നെ ജീവിതത്തിലെ വളരെ പ്രധാനമായ ഒരു കാര്യമാണ് ഉറക്കം. മുതിർന്നവർ കുറഞ്ഞത് 6 മണിക്കൂറും കുട്ടികൾ 8 മണിക്കൂറും ഉറങ്ങേണ്ടതുണ്ട്. എന്നാൽ കുട്ടികളിൽ പലരും ഗെയിമുകൾക്ക് അഡിക്ട് ആയി മാറുകയും രാത്രിയിലെ ഉറക്കം വളരെ വൈകി ആയിത്തീരുകയും ചെയ്തു. ഇതെല്ലാം തന്നെ ശീലങ്ങളിൽക്കൂടി വന്ന മാറ്റങ്ങളാണ്. ഇങ്ങനെയുള്ള ശീലങ്ങൾ നമ്മൾ മനസ്സിലാക്കി അതിനെ ചെറിയ രീതിയിൽ കുറച്ചുകൊണ്ടു വരാൻ ശ്രമിക്കണം.


കോവിഡ്കാലം ദുശ്ശീലങ്ങളുടെ ഉദ്ഭവത്തിന്റെ കാലം മാത്രം ആയിരുന്നില്ല. മറിച്ച് ഈ കാലഘട്ടത്തിൽ വായനയ്ക്ക് പ്രാധാന്യം കൊടുത്ത ധാരാളം കുട്ടികളെ സമൂഹത്തിൽ കാണാൻ കഴിയും.


ദിവസവും പഠനത്തിനുപരിയായി ഒരു പുസ്തകത്തിലെ ഒരു പേജ് എങ്കിലും സ്ഥിരമായി വായിക്കാൻ കഴിഞ്ഞാൽ അത് ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമായി കാണാം. കുട്ടികളിൽ സ്ട്രെസ്സ് കുറയ്ക്കാനും ഏകാഗ്രത കൂട്ടാനും കഴിയും. ഇതെല്ലാം വായനയിലൂടെ ഉള്ള നേട്ടമാണ്.


എന്താണ് മൈക്രോ ഹാബിറ്റ്സ്

ജീവിതത്തിൽ പുതുതായി കൊണ്ടുവരാനോ ആരംഭിക്കാനോ ആഗ്രഹിക്കുന്ന ശീലങ്ങളെ സാവധാനം, ചെറിയ രീതിയിൽ ജീവിതത്തിലേക്കുകൊണ്ടുവരിക എന്ന ലക്ഷ്യമാണ് 'മൈക്രോ ഹാബിറ്റ്സ്' കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ ചില ശീലങ്ങളെ ഒരു ദിവസം കൊണ്ട് നിർത്തുക എന്നത് കഠിനമാണ്. അത്തരം ശീലങ്ങളെ പതുക്കെപ്പതുക്കെ നിർത്തുക എന്നതും മൈക്രോ ഹാബിറ്റിന്റെ തത്വമാണ്. ചെറിയ മാറ്റങ്ങളിലൂടെ വലിയ മാറ്റം ഉണ്ടാക്കാം.


ചില മൈക്രോ ഹാബിറ്റ്സ്

  • ദിവസവും 5 മിനിറ്റ് വായിക്കുക. ഓരോ ദിവസം കഴിയുന്തോറും 30 സെക്കന്റ് വീതം കൂട്ടുക.

  • ദിവസവും 5 മിനിറ്റ് വ്യായാമം ചെയ്യുക. പതുക്കെപ്പതുക്കെ സമയം കൂട്ടാം.

  • ദിവസവും ഡയറി എഴുതുന്നത് ശീലമാക്കുക.

  • ദിവസവും രണ്ടുമൂന്നു മിനിറ്റ് നടത്തത്തിനായി ചെലവഴിക്കുക.

  • രാവിലെയും വൈകുന്നേരവും കുറച്ചു സമയം പ്രകൃതിയെ നിരീക്ഷിക്കുക.


നമ്മുടെ ചർച്ച ഇവിടെ അവസാനിക്കുന്നില്ല. ശീലങ്ങളും അവസാനിക്കുന്നില്ല. അതിനോടുള്ള മുൻകരുതലും അവസാനിക്കുന്നില്ല.


നിങ്ങളുടെ പ്രതികരണങ്ങൾക്കും ചർച്ചയ്ക്കുമായി ഞാൻ ഈ ആശയങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു.


Next Post Previous Post
No Comment
Add Comment
comment url