ലെജന്റ്സ് ടോക്കുമായി മഞ്ച സ്കൂൾ
സമൂഹത്തിലെ വിവിധ മേഖലകളിലെ അനുഭവജ്ഞരായ വ്യക്തിത്വങ്ങളുമായി വിദ്യാർത്ഥികളുടെ സംവാദ പരിപാടി "ലെജന്റ്സ് ടോക്" മഞ്ച ഗവ. വി.എച്ച്.എസ്.എസിൽ ആരംഭിച്ചു. കുട്ടികളുടെ വെള്ളിയാഴ്ചക്കൂട്ടായ്മയായ ഫ്രൈഡേ ഗ്രൂപ് ബോയ്സിന്റെ വാർഷികാഘോഷത്തിലാണ് ഈ പരിപാടി തുടങ്ങിയത്. കോവിഡ് കാലത്തെ ഒറ്റപ്പെടലിനു ശേഷം വിദ്യാലയത്തിലെത്തിയ വിദ്യാർത്ഥികൾക്ക് നിരന്തരം ആശയവിനിമയം നടത്തുന്നതിനു വേണ്ടി ആരംഭിച്ച ഫ്രൈജി കൂട്ടായ്മ കുട്ടികളുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചകളിലും വ്യത്യസ്ത വിഷയങ്ങളിൽ ചർച്ചാപരിപാടികൾ സംഘടിപ്പിച്ചു. കോവിഡിനു ശേഷം വിദ്യാർത്ഥികളിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ചർച്ചാപരമ്പര സംഘടിപ്പിച്ചിരുന്നു. പുതിയ പാഠ്യപദ്ധതി രൂപീകരണത്തിനായി വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി നൽകിയ കൈപ്പുസ്തകത്തെ അടിസ്ഥാനമാക്കിയും ചർച്ചാപരമ്പര നടത്തി.
പുതിയ അധ്യയന വർഷത്തിന്റെ രണ്ടാം ദിവസം തന്നെ കുട്ടികൾ ചർച്ചാ പരിപാടിയുമായെത്തി. വായന മാസാചരണത്തിന്റെ ഭാഗമായി വിദേശഗ്രന്ഥകാരന്മാരുമായി കത്തിടപാടുകൾ നടത്തി പുസ്തകങ്ങളുടെ ഇന്ത്യയിലെ ആദ്യാവതരണം സ്കൂളിൽ നടത്തി.
ഒരു വർഷം നേടിയെടുത്ത പ്രവർത്തന പരിചയവുമായാണ് ലെജെന്റ്സ് ടോക് ആരംഭിച്ചത്. ഫ്രൈജി കൂട്ടായ്മയുടെ വാർഷികവും ലെജന്റ്സ് ടോക്കിന്റെ ഉദ്ഘാടനവും നെടുമങ്ങാട് മുനിസിപ്പാലിറ്റിക്കുള്ളിൽ നെൽക്കൃഷി നടത്തുന്ന ഏക കർഷകനായ കെ.പി.ജയകുമാർ നിർവഹിച്ചു. പി.എസ്.മഹിത് അധ്യക്ഷനായ യോഗത്തിൽ അഭിനവ് ബി.എസ് സ്വാഗതവും അശ്വജിത് നന്ദിയും പറഞ്ഞു. ഹെഡ്മിസ്ട്രസ് കെ.എസ്.രശ്മി കെ.പി.ജയകുമാരിനെ ആദരിച്ചു